01:02pm 27 October 2026
NEWS
കേരളത്തിലേക്ക് കടന്നിരിക്കാം; തേനിയിൽ ജയിൽചാടിയ ക്രിമിനലുകൾക്കായി അന്വേഷണം ഊർജ്ജിതം
27/10/2026  11:12 AM IST
nila
കേരളത്തിലേക്ക് കടന്നിരിക്കാം; തേനിയിൽ ജയിൽചാടിയ ക്രിമിനലുകൾക്കായി അന്വേഷണം ഊർജ്ജിതം

 

മധുര: അപസ്മാരം വന്നതായി അഭിനയിച്ച് ജയിൽ ജീവനക്കാരെ കബളിപ്പിച്ച ശേഷം ആക്രമിച്ച് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കി തമിഴ്നാട് പൊലീസ്. തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിലാണ് നാടകീയമായ ജയിൽചാട്ടം നടന്നത്. രക്ഷപ്പെട്ടവരിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷിക്കുന്നവർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

തടവുകാരിലൊരാൾ അപസ്മാരം വന്നതായി അഭിനയിച്ചതിനെ തുടർന്ന് സെൽ തുറക്കാനെത്തിയ ജയിൽ ജീവനക്കാരെ സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ ജയിലിൽനിന്ന് രക്ഷപ്പെട്ടു. ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ജി. തങ്കപാണ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

രക്ഷപ്പെട്ടവരിൽ തേനി സ്വദേശികളായ പ്രവീൺ കുമാർ, സിലമ്പരസൻ, മധുര സ്വദേശികളായ രാജാ സികന്ദർ, രാജ്കുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശേഷിക്കുന്നവർക്കായി 17 പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു.

തിരച്ചിലിന്റെ ഭാഗമായി ഡിണ്ടിഗൽ ജില്ലയിലുടനീളം 16 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവർ സംസ്ഥാന അതിർത്തി കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.

ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്രയധികം വിചാരണത്തടവുകാർ ഒരേസമയം രക്ഷപ്പെടാനിടയായ സാഹചര്യവും ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണവും അന്വേഷണവിധേയമാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img